അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ വർഷാവസാനത്തോടെ തുറക്കുമെന്ന് റിപ്പോർട്ട്. മിഡ്ഫീൽഡ് ടെർമിനലിന്റെ നിർമ്മാണം 2012 ലാണ് ആരംഭിച്ചത്. തുടക്കത്തിൽ 2017 ൽ പൂർത്തീകരിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നിരുന്നാലും, വിവിധ കാരണങ്ങൾ കൊണ്ട് നിർമ്മാണം നീണ്ടു പോകുകയായിരുന്നു. 2019 ൽ, മുൻ സിഇഒ ബ്രയാൻ തോംസൺ പദ്ധതി 97% പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു.
പൂർത്തിയാകുമ്പോൾ, മിഡ്ഫീൽഡ് ടെർമിനലിന് മണിക്കൂറിൽ 11,000 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടായിരിക്കും, ഇത് പ്രതിവർഷം ഏകദേശം 30 ദശലക്ഷം യാത്രക്കാർക്ക് തുല്യമാണ്.
1080 കോടി ദിർഹം മുതൽമുടക്കിൽ 7 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമാണം. ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഭൂരിഭാഗം വിമാന സർവീസുകളും ഇതുവഴിയാക്കും. ഇതോടെ 1, 2 ടെർമിനലുകൾ സ്ഥിരമായി അടയ്ക്കും. മൂന്നാം ടെർമിനൽ തിരക്കുള്ള സമയങ്ങളിൽ മാത്രം ഉപയോഗിക്കുകയോ ബജറ്റ് എയർലൈനുകൾക്കായി പരിമിതപ്പെടുത്തുകയോ ചെയ്യാനാണ് നീക്കം. യാത്രക്കാർക്ക് ഭൂഗർഭ പാത വഴി വിവിധ ടെർമിനലുകളിലേക്ക് എത്താം.