പ്രവാസികളായ താമസക്കാരേയും നിക്ഷേപകരേയും പരിഗണിച്ച് 2021നും 2022നും ഇടയിൽ 3,621 ബഹുഭാഷാ ജുഡീഷ്യൽ വിധികളാണ് പുറപ്പെടുവിച്ചതെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പിൻ്റെ റിപ്പോർട്ടുകൾ. അനുകൂലമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അബുദാബി സർക്കാരിൻ്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് കോടതി വ്യാവഹാരങ്ങളിലെ മാറ്റം.
അബുദാബിയിലെ നീതിന്യായ സംവിധാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച നയങ്ങളാണ് നടപ്പാക്കിയത്. ഉപ രാഷ്ട്രപതിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കിയതെന്നും എഡിജെഡിയുടെ അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു.
ഇലക്ട്രോണിക്, റിമോട്ട് സേവനങ്ങൾ നടപ്പിലാക്കിയതും കോടതി വ്യവഹാരങ്ങൾ ലളിതമാക്കി. ദ്വിഭാഷ വ്യവഹാര സംവിധാനവും കോടതി വിധികളും എത്തിയതോടെ വിദേശികൾക്കും നിയമനടപടികൾ സ്വീകാര്യമായി. മുമ്പ് അറബിയിൽ മാത്രമായിരുന്നു കോടതി വ്യവഹാരങ്ങൾ. അറബിക്ക് പുറമേ, ഇംഗ്ലീഷ്, ഹിന്ദി, റഷ്യൻ, ഫിലിപ്പിനോ, ഉറുദു, ചൈനീസ് എന്നീ ഭാഷകളിലും ഡിപ്പാർട്ട്‌മെൻ്റ് വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.
അറബിയിൽ മാത്രം ലഭ്യമായിരുന്ന വ്യവഹാര പ്രക്രിയകളും വിധികളും വിദേശികൾക്ക് മനസ്സിലാക്കാനുള്ള അവസരം ഇത് നൽകുന്നതായി കൗൺസിലർ അൽ അബ്രി സൂചിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി അബുദാബി കോടതികൾ കേസ് രജിസ്ട്രേഷനിൽ കൂടുതൽ സംവേദനാത്മക സമീപനം അവതരിപ്പിച്ചതായി അൽ അബ്രി വിശദീകരിച്ചു.