അബുദാബിയിൽ ധനസമാഹരണത്തിനുള്ള അനുമതി ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമാണെന്ന് വ്യക്തമാക്കി സാമൂഹിക വികസന വിഭാഗം (ഡിസിഡി). ധനസമാഹരണത്തെക്കുറിച്ച് ഡിസിഡിയെ മുൻകൂട്ടി രേഖാമൂലം അറിയിച്ച് അനുമതിയും വാങ്ങണം. കൂടാതെ ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കണം പണപ്പിരിവ് നടത്തേണ്ടത്.
അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് തടവും 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തുടർന്നും നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ നിയമം ലംഘിച്ച് പിരിച്ച തുക കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ധനസമാഹരണവും സംഭാവനകളും അർഹരായ ഗുണഭോക്താക്കളിലേയ്ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗാമായാണ് നടപടി.
എമിറേറ്റിലെ ധനസമാഹരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ദാതാക്കളുടെ ഫണ്ടുകൾ സംരക്ഷിക്കുക, ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ലൈസൻസ് നൽകുക, പണപ്പിരിവിന്മേലുള്ള നിരീക്ഷണം ശക്തമാക്കുക എന്നിവയാണ് പണപ്പിരിവുമായി ബന്ധപ്പെട്ട് ഡിസിഡിയുടെ ഉത്തരവാദിത്വങ്ങൾ.