ഇരുമ്പ് യുഗം മുതലുള്ള പുരാതന മനുഷ്യവാസ കേന്ദ്രങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയതായി അബുദാബിയിലെ പുരാവസ്തു ഗവേഷകർ. ഏകദേശം 1300 ബിസി മുതൽ എഡി 600 വരെയുള്ള കാലഘട്ടത്തെ ഉൾക്കൊള്ളുന്ന പുരാവസ്തു പ്രദേശമാണെന്നും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഡിപ്പാർട്ട്‌മെൻ്റിലെ വിദഗ്ധർ ഖനനത്തിനിടെ ഇസ്‌ലാമിക പുരാതന ശേഷിപ്പുകൾ അടങ്ങിയ സെമിത്തേരിയുടെ ഒരു ഭാഗം കണ്ടെത്തുകയായിരുന്നു.
അൽ ഐനിലെ ഷാബിയ മേഖലയിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനിടെയാണ് പ്രദേശത്തെപ്പറ്റി സൂചന ലഭിക്കുന്നത്. തുടർ പരിശോധനയിൽ നന്നായി സംരക്ഷിച്ചിരിക്കുന്ന 20 ശവക്കുഴികൾ കണ്ടെത്താനായി. ആംഫോറ വിഭാഗത്തിലെ ഒരു തരം കണ്ടെയ്നർ , മറ്റ് സെറാമിക്സ്, വെങ്കല പാത്രങ്ങൾ, ഗ്ലാസ്, അലബസ്റ്റർ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
അമ്പുകൾ, കുന്തങ്ങൾ, നിരവധി വാളുകൾ എന്നിവയുൾപ്പെടെ വലിയ അളവിലുള്ള ഇരുമ്പ് ആയുധങ്ങളും കല്ലറകളിൽ നിന്ന് കണ്ടെത്തി. കേടുകൂടാതെയുളള ആയുധങ്ങളും കണ്ടെടുത്തലിലുണ്ട്.
ഒരു സെമിത്തേരിയുടെ അസ്തിത്വം കണ്ടെത്തിയത് സമീപമുണ്ടായിരുന്ന വാസസ്ഥലത്തിൻ്റെ സൂചനയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ പ്രദേശത്ത് ആഴത്തിലുള്ള ഭൂഗർഭ ജല സാനിധ്യം മനുഷ്യവാസത്തിൻ്റെ സൂചനകൾ വ്യക്തമാക്കുന്നതാണ്.
അൽ ഖൈസ് പ്രദേശത്ത് 11.5 കിലോമീറ്റർ നീളത്തിലുളള പ്രദേശത്തുനിന്ന് കൂടുതൽ പുരാവസ്തുക്കൾ കണ്ടെത്തിയതെന്നും അധികൃതർ പറഞ്ഞു. അതിർത്തിയി ഒരു സ്മാരകശില ശവകുടീരവും കുറഞ്ഞത് 35 ശവക്കുഴികളും അടങ്ങുന്ന മറ്റൊരു ഇരുമ്പുയുഗ സെമിത്തേരിയും കണ്ടെത്തിയിട്ടുണ്ട്.
എമിറേറ്റിൻ്റേയും വിശാലമായ രാജ്യത്തിൻ്റേയും സമ്പന്നമായ ചരിത്രം അനാവരണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഡിസിടി അബുദാബിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് അൽ ഐനിലെ സമീപകാല പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ എന്ന് ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.