അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് (ഡിസിടി അബുദാബി) അബുദാബിയിലുടനീളമുള്ള ആധുനിക പൈതൃക കേന്ദ്രങ്ങളെ പ്രത്യേക ഫലകങ്ങൾ നൽകി ആദരിച്ചു. എമിറേറ്റിന്റെ സാംസ്കാരികവും ചരിത്രപരവുമായ സത്ത സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായാണ് ഈ ആദരം. എമിറേറ്റിലുടനീളം 60-ലധികം ആധുനിക പൈതൃക സ്ഥലങ്ങളാണ് സംരക്ഷണത്തിനായി ഡിസിടി തെരഞ്ഞെടുത്തിരിക്കുന്നത്. .
ഐക്കണിക് കൾച്ചറൽ ഫൗണ്ടേഷനിൽ നടന്ന അംഗീകാര ചടങ്ങിൽ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡിസിടി അബുദാബി അണ്ടർസെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസാനി, വിവിധ സർക്കാർ വകുപ്പുകളിലെ പ്രമുഖർ, സ്വകാര്യ, പൊതു ആധുനിക പൈതൃക സ്ഥലങ്ങളുടെ ഉടമകൾ എന്നിവർ പങ്കെടുത്തു.
ആശുപത്രികൾ, തിയേറ്ററുകൾ, സ്‌കൂളുകൾ, പള്ളികൾ, പാർക്കുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കെട്ടിടങ്ങളെയാണ് ആധുനിക പൈതൃക സ്ഥലങ്ങളായി തെരഞ്ഞെടുത്തത്. ആധുനിക പൈതൃക സ്ഥലങ്ങൾ തിരിച്ചറിയുന്നതിനും സംരക്ഷണത്തിനുമായി പ്രത്യേക രജിസ്ട്രേഷനും നൽകും.