കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഉച്ചകോടിയാണിത്. 1995-ൽ ബെർലിനിലായിരുന്നു കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോകരാജ്യങ്ങൾ ഒന്നു ചേർന്ന കാലാവസ്ഥാ ഉച്ചകോടിയുടെ തുടക്കമായത്. 27 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു കാലാവസ്ഥാ ഉച്ചകോടി കൂടി അരങ്ങേറിയത്. ആദ്യത്തെ ഭൗമ ഉച്ചകോടിയാണ് (Earth Summit) പിന്നീട് കാലാവസ്ഥ ഉച്ചകോടിയായി.
എന്താണ് കോപ് (COP)
കോൺഫറൻസ് ഓഫ് പാർട്ടീസ് എന്നതിന്റെ ചുരുക്കരൂപമാണ് COP. ആഗോള താപനത്തിന് തടയിടാൻ ആഗോള സമൂഹത്തെ ഒരൊറ്റ കുടകീഴിൽ ഒന്നിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ഉച്ചകോടിക്ക് ആദ്യമായി തുടക്കം കുറിക്കുന്നത്. ഓരോ രാജ്യങ്ങളുടെയും ഹരിതഗൃഹ വാതക ബഹിർഗമനങ്ങളും മറ്റും എത്രത്തോളമെന്ന് വിലയിരുത്തുന്നതും കാലാവസ്ഥാ ഉച്ചകോടിയിലാണ്.
കോപ് 28ന്റെ ലക്ഷ്യം എന്താണെന്ന് അറിയുമോ?
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വിലയിരുത്തപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന കാര്യത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം പ്രകടിപ്പിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടി എല്ലാ വർഷവും വ്യത്യസ്ത നഗരങ്ങളിലാണ് സമ്മേളിക്കാറ്. ഈ വർഷത്തെ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 12 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) പ്രധാന എമിറേറ്റുകളിലൊന്നായ ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ നടക്കും.
യുഎഇയിൽ നടക്കുന്ന ഈ വർഷത്തെ സമ്മേളനവും രണ്ട് വർഷം മുമ്പ് കോപ് 26ൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കണമെന്നതിനെ കുറിച്ചുള്ള ആലോചനയും ആസൂത്രണവും തുടരുകയാണ് പ്രധാനമായും ചെയ്യുക. ആഗോളതാപനം വ്യാവസായവൽക്കരണത്തിനു മുമ്പുള്ള നിലവാരത്തിലേക്ക് അഥവാ 1.5 ഡിഗ്രി സെൽഷ്യസ് (2.7 ഡിഗ്രി ഫാരൻഹീറ്റ്) ആയി പരിമിതപ്പെടുത്താൻ ശ്രമിക്കുക എന്നതായിരിക്കും കോപ് 28ന്റെ ഫോക്കസ് ഏരിയയിൽ പ്രധാനം.
2019 ലെ നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2030 ഓടെ ഹരിതഗൃഹ വാതക ഉദ്‌വമനം 43% കുറയ്ക്കേണ്ടതുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ ആഘാതങ്ങൾ ഒഴിവാക്കാനും ഇത് നിർണായകമാണ്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ, മധ്യ-കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ യൂറോപ്പ് എന്നീ പ്രദേശങ്ങൾ ഊഴം വെച്ചാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്.