പത്തനംതിട്ട റാന്നി പെരുനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം റാന്നി മർത്തോമാ ആശുപത്രി മോർച്ചറിയിലാണുള്ളത്. അഭിരാമിയുടെ മരണത്തിൽ ചികിത്സ പിഴവുണ്ടായെന്നാണ് പ്രതിപക്ഷ ആരോപണം.
റാന്നിയിൽ അഭിരാമിയെ കടിച്ച അതേ തെരുവുനായയുടെ കടിയേറ്റ പശുവും ചത്തു. അഭിരാമിക്ക് പേവിഷബാധ ഏറ്റതായി പൂനെ ലാബിൽ നടന്ന പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കുട്ടി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ വാക്സിൻ എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കുട്ടിയെ ആദ്യം എത്തിച്ച പെരുനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. പെരുനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.