പത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി അഭിരാമി മരിച്ചു. പെരുനാട് സ്വദേശിയാണ് അഭിരാമി. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച്ച മുന്‍പാണ് രോഗാവസ്ഥക്ക് കാരണമായ സംഭവം ഉണ്ടായത്. പാൽ വാങ്ങാൻ പോകുകയായിരുന്ന അഭിരാമിയെ തെരുവുനായ അക്രമിക്കുകയായിരുന്നു. ശരീരമാകെ ഒന്‍പത് കടികളാണ് അഭിരാമിക്ക് ഏറ്റത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പേവിഷ ബാധയ്ക്കെതിരെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും പിന്നീട് രണ്ട് ഡോസ് വാക്സിന് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും എടുക്കുകയും ചെയ്തു. എന്നിട്ടും കുട്ടിയുടെ ആരോഗ്യനില വഷളാവുകയായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം ആറുവർഷത്തിനിടെ പത്ത് ലക്ഷത്തിലധികമായെന്നാണ് കണക്കുകൾ. ഇതിൽ രണ്ടുലക്ഷത്തോളം പേർക്ക് ഏഴുമാസത്തിനിടെയാണ് കടിയേറ്റത്. 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറുവർഷത്തിനിടെ പേവിഷ പ്രതിരോധ മരുന്നിന്റെ ഉപയോഗം 109 ശതമാനം വർധിച്ചെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.