പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി തിരുവനന്തപുരത്ത് എത്തി. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മഅദനിയെ സ്വീകരിച്ചു.
ബെംഗലൂരുവിൽ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനി അൻവാർശേരിയിലേക്ക് തിരിച്ചു. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്.
സുപ്രീംകോടതിയുടെ വിധി പകർപ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.