34 കോടി സമാഹരിച്ചതോടെ തന്റെ ജയിൽ മോചനം സാധ്യമാകും എന്ന ആത്മവിശ്വാസത്തിലാണ് അബ്ദുൾ റഹിം. ഇരുട്ടറയിലെ 18 വർഷത്തെ ജീവിതത്തിൽ നിന്ന് മോചനം നേടാൻ റഹിമീന് മുന്നിൽ രണ്ട് മാസം കൂടെ. അബ്ദുൽ റഹീമിന്‍റെ മോചനത്തിന് നൽകിയ ഹര്‍ജി സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദം കേൾക്കാനുള്ള തീയതി കോടതി അറിയിക്കും.
മോചന കരാർ അനുസരിച്ചുള്ള ദയാധനം തയാറാണെന്ന വിവരം സൗദി കുടുബത്തിന്റെ അഭിഭാഷകന് കൈമാറി. മോചനത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഓൺലൈനിലൂടെ നടന്ന കൂടികാഴ്ചയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായസമിതി ഭാരവാഹികളും ആവശ്യപ്പട്ടു.
അതേസമയം തന്റെ മോചനത്തിനായുള്ള നിയമപോരാട്ടം പുറത്ത് നടക്കുമ്പോൾ പ്രാർഥനകളിൽ തുടരുകയാണ് റഹീം. എനിക്ക് ജയിൽ മോചനം സാധ്യമായാൽ രാത്രിയും പകലുമില്ലാതെ ചെറുതും വലുതുമായി അധ്വാനിച്ച, പലതരത്തിൽ സഹായിച്ചവരേയും ഓർത്ത് ഇടതടവില്ലാതെ ഒരോ നിമിഷവും ജീവിതകാലം മുഴുവൻ പ്രാർഥിക്കുമെന്നും റഹിം പറഞ്ഞതായി യൂസഫ് കാക്കഞ്ചേരി അറിയിച്ചു.