‘ഗോ ഫസ്റ്റ്’ വിമാനം പറക്കൽ അവസാനിപ്പിച്ചിട്ട് ഒരു വർഷമാവുന്നു. പക്ഷെ, വിമാനയാത്രക്കായി മുൻകൂട്ടി ടിക്കറ്റെടുത്ത ആയിരത്തോളം പേർക്ക് ഇനിയും തുക തിരികെ ലഭിച്ചിട്ടില്ല. മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് 2023 മേയ് മൂന്നു മുതലാണ് സർവിസ് അവസാനിപ്പിച്ചത്. എന്നാൽ മുൻകൂട്ടി അറിയിക്കാത്തതുകൊണ്ട് തന്നെ നിരവധി യാത്രക്കാർ തുടർ ദിവസങ്ങളിലേക്ക് ടിക്കറ്റെടുത്ത് യാത്രയ്ക്കായി കാത്തിരുന്നു. പക്ഷെ, യാത്ര നടന്നില്ല. ടിക്കറ്റ് തുക തിരികെ കിട്ടിയതുമില്ല.ടിക്കറ്റ് തുക മടക്കി നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഭൂരിപക്ഷം പേർക്കും തുക ലഭിച്ചിട്ടില്ല.
തുക മടക്കിക്കിട്ടാൻ ഓൺലൈൻ വഴിയും എജൻസികൾ വഴിയും യാത്രക്കാർ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. എന്നാൽ അപേക്ഷകൾ അയക്കുന്നു എന്നല്ലാതെ ഒന്നിനും ഒരു മറുപടി പോലും ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ മറുപടി. സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിൽപോകാൻ മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് ഗോ ഫസ്റ്റ് നൽകിയ പണി കാരണം വൻ തുകയാണ് നഷ്ടമായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നായിരുന്നു ഗോ ഫസ്റ്റ് സർവിസുകൾ അവസാനിപ്പിച്ചത്. അതിനിടെ കഴിഞ്ഞ സെപ്റ്റംബറോടെ രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.
സർവിസ് പുനരാരംഭിച്ചില്ലെങ്കിലും മുടക്കിയ പണം തിരികെ കിട്ടിയാൽ മതിയെന്നാണ് യാത്രക്കാരുടെ ആവശ്യം. ചില ട്രാവൽ ഏജൻസികൾ തങ്ങളുടെ യാത്രക്കാർക്ക് സ്വന്തം കൈയിൽനിന്ന് പണം തിരിച്ചു നൽകിയിരുന്നു. ഇങ്ങനെ ചെയ്ത ട്രാവൽ ഏജൻസികളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ടിക്കറ്റ് തുക ഗോ ഫസ്റ്റ് നൽകുമെന്ന വിശ്വാസത്തിലാണ് ട്രാവൽ ഏജൻസികൾ തുക നൽകിയത്. റദ്ദാക്കിയ സർവിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയിൽസ് വഴി തിരിച്ചു നൽകുമെന്നായിരുന്നു വിമാനക്കമ്പനി അധികൃതർ യാത്രക്കാർക്ക് നൽകിയ വിവരം. തുക തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ് യാത്രക്കാർ.