കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം പ്രവചിച്ചു ശ്രദ്ധ നേടിയ തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി പ്രവചനവുമായി വീണ്ടും രംഗത്ത്.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്നും യശ്വന്ത് പ്രവചിക്കുന്നു. കൂടാതെ രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ കിട്ടുമെന്നും അദ്ദേഹം പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യശ്വന്ത് ഗുരുജിയുടെ പ്രവചന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മമതാ ബാനര്‍ജി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി ഇവരില്‍ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യത്തിനു ഫെബ്രുവരിക്കു ശേഷം മറുപടി പറയുമെന്നും യശ്വന്ത് വ്യക്തമാക്കി.
നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് രാജ്യത്ത് അധികാരമാറ്റം സംഭവിക്കുക. 2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ നരേന്ദ്ര മോദി ഭരണം നിലനിര്‍ത്തുമെന്നും യശ്വന്ത് പറയുന്നു.