കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മൂടൽമഞ്ഞിനൊപ്പം രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇന്ന് താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് അബുദാബിയുടെ ചില ഭാഗങ്ങളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവിടെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും അബുദാബിയിലെ മെസൈറയിലും റസീനിലും താപനില 48 ഡിഗ്രി സെൽഷ്യസും സ്വീഹാനിലും അൽ ഐനിലും 47 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദുബായിൽ 33 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. ഇന്ന് രാത്രിയും നാളെ രാവിലെയും ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറൻ മേഖലകളിൽ 35 കി.മീ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.