സൗദിയിലെ വ്യവസായ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം. വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈവേ, റെയിൽവെ ലൈൻ പദ്ധതിയാണ് ആരംഭിക്കുന്നത്. റിയാദ്, ജിദ്ദ എന്നീ മേഖലകളിലെ വ്യവസായ നഗരങ്ങളെയും തുറമുഖങ്ങളെയും തമ്മിലാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുക.
വ്യവസായ നഗരങ്ങളെ റെയിൽവെ ലൈനുമായി ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം സുഗമമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ നാഷണൽ ഇന്റ്സ്ട്രിയൽ ഡവലപ്പ്മെന്റ് ആന്റ് ലോജിസ്റ്റിക്സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. റെയിൽവെ ലൈനിനോടൊപ്പം സമാന്തരമായി ഹൈവേ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരംഭിക്കും. ഇതിൻ്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുന്നതായി എൻ.ഐ.ഡി.എൽ.പി സി.ഇ.ഒ സുലൈമാൻ അൽ മസ്‌റുഇ വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടം കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലാണ് പുരോഗമിക്കുന്നത്. ദമ്മാം സെകൻഡ് ഇൻഡസ്ട്രിയൽ സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സുദൈർ വ്യവസായ നഗരത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.