സൗദിയിലെ തൊഴിൽ മേഖലയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കാൻ തിരുമാനം. ഇതിന്റെ ഭാഗമായി യുവജന വികസന പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. യുവജനങ്ങൾ നമ്മുടെ സമ്പത്താണ് എന്ന തലക്കെട്ടിൽ സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗദി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജിഹാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിഷൻ 2030-ൻ്റെ ഭാഗമായി 30ലധികം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. രാജ്യത്തിൻ്റെ വികസനത്തിൽ യുവാക്കളുടെ സംഭാവന വർധിപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ സൗദിയുടെ മൊത്തം ജനസംഖ്യയുടെ 44 ശതമാനവും, അതോടൊപ്പം മൊത്തം തൊഴിൽ മേഖലയുടെ 78 ശതമാനവും യുവാക്കളാണ്. വരും വർഷങ്ങളിലും യുവാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തൊഴിൽ അവസരങ്ങൾ വളർത്തുമെന്നും തൊഴിൽ മേഖലയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.