രാജ്യത്തെ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും രേഖപ്പെടുത്താൻ പുതിയ പ്ലാറ്റ്ഫോം ആരംഭിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലെ നിയമങ്ങൾ പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മന്ത്രിമാരുടെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.
1971-ൽ രാജ്യം രൂപീകൃതമായത് മുതലുള്ള എല്ലാ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും നിയന്ത്രണങ്ങളും എക്സിക്യൂട്ടീവ് തീരുമാനങ്ങളും പുതിയ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തും. നിക്ഷേപകർ, പൗരന്മാർ, പ്രവാസികൾ എന്നിവയുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തങ്ങളുടെ നിയമങ്ങളുടെ സ്വാധീനം യുഎഇ വിലയിരുത്തും. നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാക്കുകയും ആവശ്യമെങ്കിൽ അവ അവലോകനം ചെയ്യുകയും ചെയ്യും.
ഗവൺമെന്റിന്റെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അറബിയിലും ഇംഗ്ലീഷിലും പൊതുജനങ്ങൾക്ക് പുതിയ പ്ലാറ്റ്ഫോം സൗജന്യമായി ലഭ്യമാക്കും. രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളെക്കുറിച്ച് വിദഗ്ദർക്ക് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും നിയമ നിർമ്മാണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാനുമുള്ള സൗകര്യം ഒരുക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇ ഒരു ആഗോള രാജ്യമാണ്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സൂചകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യങ്ങൾ പ്ലാറ്റ്ഫോമിൽ നടപ്പിലാക്കുക.