സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിനായി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് അബുദാബി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) സലാമ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആന്റ് നോളജുമായി സഹകരിച്ചാണ് ഐടിസി ഈ സേവനം നടപ്പിലാക്കുന്നത്. അബുദാബിയിലെ പൊതു, സ്വകാര്യ സ്കൂളുകൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും ഈ ആപ്പ് ലഭ്യമാക്കും.
സ്കൂൾ ബസുകളിൽ സഞ്ചരിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ട്രാൻസ്പോർട്ട് സേവനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ വീടുകളിൽ നിന്ന് വിദ്യാലയങ്ങളിലേക്കും തിരിച്ചും സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്നത് ട്രാക്ക് ചെയ്യുന്നതിനും സാധിക്കും. കൂടാതെ ബസിലെ ഡ്രൈവർമാരുടെയും സൂപ്പർവൈസർമാരുടെയും വിവരങ്ങളും അവരുമായി അവശ്യസന്ദർഭത്തിൽ രക്ഷിതാക്കൾക്ക് ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്.