അവധിക്ക് നാട്ടിൽ പോയി തന്റെ പ്രിയപ്പെട്ടവരെ കണ്ട ശേഷം മടങ്ങിയെത്തിയ പ്രവാസി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമല സ്വദേശി പത്മരാമത്തിൽ അശോകാണ് (54) കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെയാണ് അശോക് നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് മടങ്ങിയെത്തിയത്.
തുംറൈത്തിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ അശോകിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കഴിഞ്ഞ 30 വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. തുംറൈത്തിലെ കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന അശോക് ടിസയുടെ സംഘാടകരിൽ പ്രമുഖനാണ്.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. മിനിയാണ് അശോകിന്റെ ഭാര്യ. അശ്വിൻ, അവിനാഷ് എന്നിവരാണ് മക്കൾ.