സൗദിയിൽ ദേശീയ വനവൽക്കരണ പദ്ധതിയുടെ ഭാഗമായി 1,000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കും. പരിസ്ഥിതി കൃഷി മന്ത്രി അബ്ദുറഹ്മാൻ അൽഫിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയിലൂടെ 40 ദശലക്ഷം ഹെക്ടർ വനവൽക്കരണം പുനസൃഷ്ടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സൗദിയുടെ വിവിധ മേഖലകളിലെ പാരിസ്ഥിതിക തകർച്ച മറികടക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമായാണ് പ്രത്യേക പദ്ധതിക്ക് രൂപം നൽകിയത്. 2030-ഓടെ 5,000 കോടി മരങ്ങൾ നട്ട് പിടിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മരങ്ങൾക്കാവശ്യമായ സുസ്ഥിര ജലസേചനത്തിനുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.
പ്രത്യേക ഇനത്തിൽപ്പെട്ടതും ജൈവിക വ്യവസ്ഥിതിയുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടുന്നതുമായ മരങ്ങളാണ് നട്ടുപിടിപ്പിക്കുക. ഗ്രീൻ സൗദി, ഗ്രീൻ മിഡിൽ ഈസ്റ്റ് സംരംഭങ്ങൾ എന്നിവയിലൂടെ വലിയ പാരിസ്ഥിതിക മാറ്റങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കാൻ അധികൃതർ ഒരുങ്ങുന്നത്.