ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ എത്തിയ പുടിനെ ഷെയ്ഖ് മുഹമ്മദ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഗാസ, യുക്രെയ്ൻ, കോപ് 28 ഉൾപ്പെടെയുള്ള മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.
കാലാവസ്ഥ വെല്ലുവിളികൾക്ക് ക്രിയാത്മക പരിഹാരങ്ങൾ കണ്ടെത്താനും അന്താരാഷ്ട്ര കാലാവസ്ഥ പ്രവർത്തനം മെച്ചപ്പെടുത്താനും യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ് 28 ഉച്ചകോടി സഹായിക്കുമെന്ന് പുടിൻ വ്യക്തമാക്കി. കൂടാതെ പലസ്‌തീൻ പ്രശ്‌നം പരിഹരിക്കാൻ സ്വതന്ത്രരാഷ്ട്രമായി നിലനിന്ന് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ ശ്രമിച്ച യുഎഇ നിലപാടിനെ പുടിൻ പിന്തുണച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ മികച്ച നീക്കങ്ങൾ പുടിൻ്റെ സന്ദർശനത്തിലൂടെ രൂപപ്പെടുമെന്നും ലോക പുരോഗതി ഉറപ്പാക്കാൻ റഷ്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഒപെക് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉല്പാദന നയം സംബന്ധിച്ച ചർച്ചകളും നടത്തി.
അബുദാബി ഖസർ അൽ വതനിലെത്തിയ പുടിന് ആചാര വെടികളോടെയാണ് വരവേൽപ്പാണ് നൽകിയത്. റഷ്യയിൽ നിന്ന് യുഎഇ വ്യോമാതിർത്തിയിൽ എത്തിയ പുടിന്റെ വിമാനത്തിന് വ്യോമസേന അകമ്പടി നൽകിയതോടൊപ്പം ആകാശത്ത് അൽ ഫുർസാൻ ഏയറോബാറ്റിക് സംഘം വർണവും വിതറി.