ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോപ്28ന്റെ നിയുക്ത പ്രസിഡന്റും യുഎഇയുടെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയുമായ സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ഇസ്ലാമാബാദിലെത്തിയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്തത്.
പാകിസ്താനിൽ പുനരുപയോഗ ഊർജ പദ്ധതി വികസിപ്പിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും യുഎഇ സഹകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഇതുസംബന്ധിച്ച സഹകരണ കരാറിൽ ഇരുവരും ഒപ്പുവെക്കുകയുമായിരുന്നു. 2030ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ തേടുക, കാലാവസ്ഥ നഷ്ടപരിഹാര ഫണ്ട് അനുവദിക്കുക തുടങ്ങി കോപ്28ൽ ചർച്ചചെയ്യേണ്ട പ്രധാന അജണ്ടകൾ സംബന്ധിച്ച് ഇവരുവരും ചർച്ച നടത്തി.