ഖത്തറിലെ മത്സ്യവില കുതിച്ചുയരുന്നു. ശക്തമായ കാറ്റും മഴയും കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിക്കാത്തതിനാലാണ് മീൻ വില കുതിച്ചുയരുന്നത്. കഴിഞ്ഞ കുറച്ചുദിവസത്തിനിടെ 20 മുതൽ 25 ശതമാനം വരെയാണ് പ്രാദേശിക വിപണിയിൽ മത്സ്യവില വർധിച്ചിരിക്കുന്നത്.
മോശം കാലാവസ്ഥയെ തുടർന്ന് മീൻപിടിത്തം തടസപ്പെട്ടതോടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. മുമ്പ് 40 ടൺ മത്സ്യം വരെയാണ് ഒരോ ദിവസവും മാർക്കറ്റിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 28 ടൺ മാത്രമായി ചുരുങ്ങിയെന്നാണ് റിപ്പോർട്ട്. മീനിന്റെ ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഓഫ്ഷോറിലെ കനത്ത കാറ്റും തിരയും കാരണം ഭൂരിഭാഗം മീൻപിടിത്തക്കാരും കടൽ യാത്ര ഒഴിവാക്കുകയാണ്.
മറ്റ് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ മുതൽ അടുത്ത വേനൽക്കാലം വരെ നീളുന്ന മത്സ്യബന്ധന സീസണുകളിൽ മീൻ വിലയിൽ 10 മുതൽ 20 ശതമാനത്തിന്റെ വരെ കുറവാണ് സാധാരണ രേഖപ്പെടുത്താറുള്ളത്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഗുണനിലവാരമില്ലാത്ത മീനുകൾ വിൽപ്പന നടത്തുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ശക്തമായ നിരീക്ഷണമാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.