2023-ൽ ആർ.ടി.എ അനുവദിച്ചത് 67,000ലധികം പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി കഴിഞ്ഞ വർഷം 67,341 പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ അനുവദിച്ചതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) വ്യക്തമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് 2023-ൽ 25 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021മായി താരതമ്യം ചെയ്യുമ്പോൾ 69 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്.
6,883 സ്കൂൾ ഡ്രൈവർമാർ, 20,483 ലിമോസിൻ ഡ്രൈവർമാർ, 30,215 ടാക്സി ഡ്രൈവർമാർ, 6,813 സ്കൂൾ വാഹനങ്ങളിലെ അറ്റൻഡർമാർ, 2,947 നാഖിൽ സർവീസ് എന്നിങ്ങനെയാണ് പെർമിറ്റുകൾ അനുവദിച്ചത്. ആർ.ടി.എ അംഗീകാരമുള്ള ട്രെയിനിങ് സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്കാണ് പെർമിറ്റുകൾ അനുവദിക്കുന്നത്.
പാസഞ്ചർ ട്രാൻസ്പോർട്ട് പെർമിറ്റുകൾ നൽകുന്നത് വർധിക്കാൻ കാരണം ഈ മേഖലയിലെ ഡ്രൈവർമാരുടെ ആവശ്യം വർധിച്ചതിൻ്റെ സൂചയാണെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയിലെ ഡ്രൈവർ അഫയേഴ്സ് ഡയറക്ടർ സുൽത്താൻ അൽ അക്റാഫ് പറഞ്ഞു. ദുബായിയുടെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയും നിക്ഷേപത്തിന്റെ വർധനവും ഇതിന് കരുത്ത് പകർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.