സൗദിയിൽ നിക്ഷേപമിറക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധനവ്. 2023-ന്റെ മൂന്നാം പാദത്തിൽ 2,200ഓളം വിദേശ കമ്പനികൾക്ക് പുതിയതായി ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സൗദിയിൽ നേരിട്ട് വിദേശ നിക്ഷേപമിറക്കുന്നതിന് 2,192 ലൈസൻസുകളാണ് അനുവദിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 135 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെറുകിട നിക്ഷേപകർക്കുള്ള പ്രത്യേക പരിരക്ഷ, വാണിജ്യ പരാതികൾ പരിഹരിക്കുന്നതിന് പ്രത്യേക കോടതി, പരിഷ്കരിച്ച പാപ്പരത്ത നിയമം തുടങ്ങിയവ സൗദിയിലെ നിക്ഷേപം വർധിക്കുന്നതിന് കാരണമായി.
ദേശീയ നിക്ഷേപ തന്ത്രം പ്രഖ്യാപിച്ചതും ബഹുരാഷ്ട്ര കമ്പനികളുടെ റീജിയണൽ ആസ്ഥാനം രാജ്യത്തേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകിയതും സർക്കാർ തലത്തിൽ വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതും ഇൻവെസ്റ്റ്മെന്റ് ഇൻ സൗദി എന്ന പേരിൽ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചതും വിദേശ നിക്ഷപം വർധിക്കുന്നതിന് ഇടയാക്കിയതായാണ് വിലയിരുത്തുന്നത്. നാഷണൽ ആന്റി കൊമേഴ്ഷ്യൽ കൺസിൽമെന്റ് പ്രോഗ്രാം തസത്തുർ വഴിയാണ് പുതിയ ലൈസൻസുകൾ അനുവദിക്കുന്നത്.