ജീവിതത്തിൽ സ്വപ്നങ്ങളില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ജീവിതത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ പലരും സ്വന്തം ആഗ്രഹങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ ഇവിടെ ഒരു കൂട്ടം വനിതകൾ തങ്ങളുടെ വളരെ കാലമായുള്ള ആഗ്രഹം സഫലീകരിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ.
വയനാട്ടിലെ തോട്ടം തൊഴിലാളികളായ 12 പേരാണ് നീണ്ട നാളത്തെ സ്വപ്നം സഫലീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ആകാശ യാത്ര നടത്തണമെന്നതായിരുന്നു ഇവരുടെ ആഗ്രഹം. എന്നാൽ അത് ഒരുപാട് വൈകിപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് തിരിച്ചറിഞ്ഞ അവർ പറക്കാൻ തന്നെ തീരുമാനിച്ചു. പണമായിരുന്നു അവരുടെ പ്രധാന പ്രശ്നം. അതിനായി തേയില നുള്ളി കിട്ടുന്ന പണത്തിൽ നിന്നും ജീവിതച്ചെലവിനുള്ളത് എടുത്ത ശേഷം ഒരു ചെറിയ തുക അവർ മാറ്റിവെച്ചു.
അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒരോരുത്തരും തങ്ങളുടെ വിമാന ടിക്കറ്റിനുള്ള പണം കണ്ടെത്തി. ടൂർ ഓപ്പറേറ്ററും ഓൾ കേരളാ ടൂറിസം അസോസിയേഷൻ എക്‌സിക്യൂട്ടീവുമായ രമേഷ് വയനാടിന്റെ നേതൃത്വത്തിൽ യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകളെല്ലാം ഒരുക്കുകയും ചെയ്തു. അങ്ങനെ ഇന്ന് രാവിലെ 4 മണിക്ക് അവരുടെ ആ സ്വപ്ന യാത്ര ആരംഭിച്ചു. 10 മണിയോടെ കോഴിക്കോടെത്തിയ ശേഷം 11.15നുള്ള ഇൻഡിഗോ എക്‌സ്പ്രസിൽ അവർ ബംഗളൂരുവിലേയ്ക്ക് പറക്കും. പിന്നീട് വൈകിട്ടൊടെ കോഴിക്കോട്ടേക്ക് ട്രെയിനിൽ തിരിച്ചുവരികയും ചെയ്യും.
മുണ്ടക്കൈ പ്രദേശത്തെ എച്ച്.എം.എൽ തോട്ടംതൊഴിലാളികളാണ് തങ്ങളുടെ സ്വപ്നം സഫലീകരിക്കാനൊരുങ്ങുന്നത്. ജീവിതത്തിലെ സാധിക്കുന്ന ആഗ്രഹങ്ങൾ നാളത്തേയ്ക്ക് മാറ്റിവയ്ക്കാതെ അതിനുവേണ്ടി പരിശ്രമിച്ച് സഫലീകരിക്കണമെന്നാണ് ഈ വനിതകൾക്ക് ലോകത്തോട് പറയാനുള്ളത്.