യുഎഇയിൽ വാഹനമോടിക്കുമ്പോൾ ഇനി അതീവ ജാഗ്രത പാലിക്കണം. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ കർശനമാക്കുകയാണ് അധികൃതർ. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് വെട്ടിച്ച് ഗതിമാറ്റിയാൽ 1,000 ദിര്‍ഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. അതിവേഗത്തിൽ വാഹനം വെട്ടിക്കുന്നത് വഴി റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ പുതിയ നിയമം പ്രബല്യത്തിൽ കൊണ്ടുവരുന്നത്.
മറ്റ് ലൈനിലൂടെ വാഹനം വരുന്നത് ശ്രദ്ധിക്കാതെ വാഹനം വെട്ടിച്ചതിനേത്തുടർന്ന് ഉണ്ടായ അപകടത്തിന്റെ ദൃശ്യം പങ്കുവെച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്. വാഹനം ഓടുന്ന ലൈൻ മാറ്റുകയാണെങ്കിൽ മറ്റ് വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു. തെറ്റായ ഓവർടേക്കിങ്ങിന് 600 ദിർഹം മുതൽ 1,000 ദിർഹം വരെ പിഴ ചുമത്തപ്പെടുമെന്ന് അബുദാബി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.