ഡ്രൈവറില്ലാ വാഹനങ്ങളുടെ നിർമ്മാണത്തിനായി അബുദാബിയിൽ പ്രത്യേക മേഖല സ്ഥാപിക്കാൻ തീരുമാനം. സ്മാർട്ട് ആന്റ് ഓട്ടോണമസ് വെഹിക്കിൾ ഇൻഡസ്ട്രീസ് (എസ്.എ.വി.ഐ) എന്ന പേരിൽ പ്രത്യേക വ്യവസായ ക്ലസ്റ്ററിനാണ് രൂപം നൽകുന്നത്. അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
കരയിലും കടലിലും ആകാശത്തും ഉപയോഗിക്കാൻ കഴിയുന്ന സ്വയം നിയന്ത്രണ വാഹനങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി 30,000 മുതൽ 50,000വരെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ 12,000 കോടി ദിർഹത്തിന്റെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.