നിയമലംഘനം നടത്തിയ 9,576 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ സൗദിയിൽ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനങ്ങൾക്ക് നിയമ നടപടി നേരിട്ടവരെയാണ് നാടുകടത്തിയത്. ഇതേ കാലയളവിൽ രാജ്യത്ത് നടത്തിയ റെയ്ഡുകളിൽ 15,812-ഓളം വിദേശികളെ നിയമ ലംഘനങ്ങൾക്ക് പുതിയതായി പിടികൂടിയിട്ടുണ്ടെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടിയിലായ 15,812 പേരിൽ 9,801 പേർ സൗദിയിലെ താമസ നിയമങ്ങൾ ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 3,804 പേരും തൊഴിൽ നിയമ ലംഘകരായ 2,207 പേരും രാജ്യാതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 827 പേരും അറസ്റ്റിലായി. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരിൽ 61 ശതമാനം പേർ യമനികളും 18 ശതമാനം പേർ എത്യോപ്യക്കാരും 21 ശതമാനം പേർ മറ്റ് രാജ്യക്കാരുമാണ്.
കൂടാതെ, 45 പേർ സൗദി അറേബ്യയിൽ നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴിൽ നിയമ ലംഘകരെ കടത്തിക്കൊണ്ടുവരികയും നിയമ ലംഘകർക്ക് അഭയം നൽകുകയും ചെയ്ത 15 പേരും അറസ്റ്റിലായി.