അടുത്തിടെ പെയ്ത കനത്ത മഴയിൽ കാർഡ് സ്റ്റണ്ട് നടത്തിയതിന് ഒമ്പതോളം വാഹനങ്ങൾ റാസൽഖൈമ പോലീസ് പിടിച്ചെടുത്തു. മസ്റ, മിന അൽ അറബ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പിടികൂടിയത്. കൂടാതെ ആറ് വാഹനങ്ങളുടെ ഡ്രൈവർമാർ മസ്റയിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയതായും പോലീസ് കണ്ടെത്തിയതായി റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഡോ മുഹമ്മദ് അൽ ബഹാർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്നാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്.
ഡ്രൈവറുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇത് കൂടാതെ ഡ്രൈവർക്കെതിരെ 23 ട്രാഫിക് പോയിന്റുകളും ചുമത്തും. അതേസമയം ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ വാഹനം പരേഡ് ചെയ്‌താൽ നാല് മാസവും (120 ദിവസം) വാഹനം പിടിച്ചെടുക്കുകയും വാഹനം തിരിച്ചെടുക്കാൻ 10000 ദിർഹവും ഈടാക്കും.