വിശുദ്ധ റമദാന്റെ ഭാഗമായുള്ള ഇഫ്താർ വിരുന്നുകൾ യുഎഇയിൽ വരും ദിവസങ്ങളിൽ സജീവമാകും. റമദാനിൽ ഒട്ടേറെ മാനുഷിക സംരംഭങ്ങളാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ആരംഭിച്ചിരിക്കുന്നത്.
ആർ.ടി.എ.യുടെ മീൽസ് ഓൺ വീൽസ് പരിപാടിയിലൂടെ 8000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള പദ്ധതിയ്ക്കായി ആർടിഎ തയ്യാറെടുക്കുകയാണ്.ദുബായ് മെട്രോ, ട്രാം എന്നിവയുടെ ഓപ്പറേറ്ററായ കിയോലിസിന്റെ സഹകരണത്തോടെ ‘നന്മയുടെ യാത്ര’ എന്ന പ്രമേയത്തിലാണ് സംരംഭങ്ങൾ നടപ്പാക്കുക.
ബസ്, ഡെലിവറി, ട്രക്ക്, അബ്ര എന്നിവയുടെ ഡ്രൈവർമാർ, ആർ.ടി.എ. ജീവനക്കാർ എന്നിവർക്കായി റമദാനുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംരംഭങ്ങളും നടപ്പാക്കാനും അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്. ജീവകാരുണ്യസംഘടനായ ബെയ്ത്ത് അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ച് 2000 ഇഫ്താർ ഭക്ഷണം നൽകുന്നതിന് റംസാൻ ടെന്റ് പദ്ധതിയും നടപ്പാക്കും. അൽ ഗുബൈബ, യൂണിയൻ, ജബൽ അലി മെട്രോ സ്റ്റേഷൻ എന്നീ മെട്രോ സ്റ്റേഷനുകളിൽ ടെലിഫോൺ ബൂത്തുകൾ സ്ഥാപിക്കുന്നതിന് ‘വി ബ്രിങ് യു ക്ലോസർ’ എന്ന സംരംഭവും ആർ.ടി.എ. രൂപകൽപ്പന ചെയ്തിട്ടുണ്ട്..