2030ൽ നടക്കാനിരിക്കുന്ന വേൾഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ‘റിയാദ് എക്‌സ്‌പോ 2030’ ന്റെ വിശദാംശങ്ങൾ സൗദി അറേബ്യ അവതരിപ്പിച്ചു. പാരീസിലെ ഇൻറർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷൻസിന് മുൻപാകെയാണ് വിശദാംശങ്ങൾ സംബന്ധിച്ച ഫയൽ അവതരിപ്പിച്ചത്. 12 കോടി സന്ദർശകരെ പങ്കെടുപ്പിക്കാനാണ് രാജ്യം പദ്ധതിയിടുന്നതെന്ന് റിയാദ് റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം ബിൻ മുഹമ്മദ് അൽ സുൽത്താൻ അറിയിച്ചു.
അതേസമയം എക്സ്പോ 2030 നഗരികളുടെ നിർമാണവും എല്ലാ ഒരുക്കവും 2028 ഓടെ പൂർത്തിയാക്കും. ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നതും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടും ആയിരിക്കും മേള നഗരികൾ നിർമ്മിക്കുക. കൂടാതെ സൗദി അറേബ്യയിലെ അതിരുകളില്ലാത്ത നിക്ഷേപ അന്തരീക്ഷത്തിന് അനുസൃതമായാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്നും നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് കൂട്ടിച്ചേർത്തു.
പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ അനുവദിച്ച ബജറ്റ് 780 കോടി ഡോളറാണ്. കൂടാതെ സൗദിയിൽ അവസരങ്ങൾ അന്വേഷിക്കുന്ന കമ്പനികൾക്കുള്ള ഒരു ആഗോള ഫോറം കൂടിയായിരിക്കും മേള നഗരികളെന്നും ധനമന്ത്രി പറഞ്ഞു. ആഗോള ഇൻവെസ്റ്റ്മെൻറ് ലാബ് വിജയിപ്പിക്കാൻ രാജ്യത്തിന്റെ വിഭവങ്ങളും മുഴുവൻ കഴിവുകളും വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോ 2030 സംഘടിപ്പിക്കുന്നതിൽ സ്വകാര്യ മേഖലക്ക് വലിയ ഇടം നൽകുമെന്നും അൽ ഫാലിഹ് ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണികൾ, പവലിയൻ നിർമാണം, സാങ്കേതിക പിന്തുണ, ഇവൻറുകൾ, യാത്ര തുടങ്ങിയ മേഖലകളിൽ 100 രാജ്യങ്ങളെ സഹായിക്കുന്നതിന് 34.3 കോടി ഡോളറിന്റെ ഒരു പാക്കേജ് സൗദി തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ ലോകമെമ്പാടുമുള്ള പങ്കാളികളുമായി ചേർന്ന് പിന്തുണയ്ക്കുന്ന പരിപാടികൾ സൗദി അറേബ്യ വികസിപ്പിക്കും. ഇതെല്ലാം സമഗ്രമായ ഒരു ആഗോള പ്രദർശനം നടത്താനുള്ള സൗദിയുടെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.