ഗാസയിൽ ആകാശമാർഗം (എയർഡ്രോപിങ്) ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ആറു പേർക്ക് ദാരുണാന്ത്യം. എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ തലയിൽ വീണാണ് മരണം സംഭവിച്ചത്.
പാരച്യൂട്ട് നിവരാതിരുന്നതോടെ വിമാനത്തിൽ നിന്ന് എയർഡ്രോപ് ചെയ്ത ഭക്ഷ്യചാക്കുകൾ ശക്തിയോടെ ആളുകളുടെ മുകളിൽ പതിക്കുകയായിരുന്നു. രണ്ട് കുട്ടികളടക്കം ആറ് പലസ്തീനികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. വടക്കൻ ഗാസ നഗരമായ ശാത്തി അഭയാർഥി ക്യാമ്പിൽ വരി നിന്നവരുടെ തലയിലാണ് വലിയ ഭക്ഷ്യചാക്കുകൾ പതിച്ചത്.
ആളുകളുടെ മരണത്തിന് പിന്നാലെ ആകാശമാർഗം വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. അതിർത്തി വഴി റോഡ് മാർഗം അവശ്യവസ്തുക്കൾ എത്തിക്കണമെന്നാണ് ആവശ്യം.അതേസമയം, അവശ്യവസ്തുക്കൾ കടൽമാർഗം എത്തിക്കാനുള്ള ഇടനാഴി നാളെ സജ്ജമാകുമെന്ന് യൂറോപ്യൻ കമീഷൻ അറിയിച്ചു.