മസ്തിഷ്‌ക മരണം സംഭവിച്ച 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക സ്വീകരിച്ച് 58-കാരി. ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലാണ് അപൂര്‍വ്വമായ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നിരിക്കുന്നത്. വൃക്ക രോഗം ബാധിച്ച് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഡയാലിസിസ് നടത്തുന്ന വനിതയാണ് വൃക്ക സ്വീകരിച്ചത്.
വൃക്ക ദാതാവിന്റെ പ്രായം വളരെ കുറവായതിനാല്‍ ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നുവെന്ന് ഡോ. ഉമാമഹേശ്വര റാവു പ്രതികരിച്ചു.
അവയവ ദാതാവിന്റെ കിഡ്‌നിയുടെ വലിപ്പം വളരെ ചെറുതാണ്. അടുത്ത മൂന്ന് വര്‍ഷക്കാലം വൃക്ക സ്വീകര്‍ത്താവിന്റെ ശരീരത്തിനുള്ളിലിരുന്ന് ഇത് വലിപ്പം വയ്‌ക്കുകയും ചെയ്യും. എപ്രകാരമാണ് 58-കാരിയുടെ ശരീരം പുതിയ വൃക്കയുടെ പ്രവര്‍ത്തനത്തെ സ്വീകരിക്കുക എന്നുള്ളത് വരും ദിവസങ്ങളിലെ നിരീക്ഷണത്തിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡോ. ഉമാമഹേശ്വര റാവു നയിച്ച ശസ്ത്രക്രിയാ സംഘത്തില്‍ ഡോ. പരാഗ്, ഡോ. ചേതൻ, ഡോ. ദിവാകര്‍ നായിഡു ഗജ്ജല, ഡോ. വി.എസ്. റെഡ്ഡി, ഡോ. ഗോപീചന്ദ്, ഡോ. ശ്രീ ഹര്‍ഷ, ഡോ. നരേഷ് കുമാര്‍, ഡോ. മുരളി മോഹൻ എന്നിവര്‍ ഉണ്ടായിരുന്നു.