ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികൾക്കുമാത്രമായി ഏർപ്പെടുത്തിയ ഇമിഗ്രേഷൻ കൗണ്ടറിലൂടെ ഇതുവരെ 4,34,889 കുട്ടികൾ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി (ജി.ഡി.ആർ.എഫ്.എ.) ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
കഴിഞ്ഞവർഷം ഏപ്രിൽ 19-നാണ് കുട്ടികൾക്ക് മാത്രമായുള്ള ഇമിഗ്രേഷൻ കൗണ്ടർ ദുബായ് വിമാനത്താവളത്തിൽ സ്ഥാപിച്ചത്. ഈ വർഷം ആദ്യപാദത്തിൽമാത്രം 1,18,586 കുട്ടികൾ പ്രത്യേക ഇമിഗ്രേഷൻകൗണ്ടർ സൗകര്യം ഉപയോഗിച്ചു.
കുട്ടികൾക്ക് ദുബായിലൂടെയുള്ള യാത്രാനുഭവം കൂടുതൽ സുഖകരവും സന്തോഷകരവുമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ കൗണ്ടറിൽ കുട്ടികൾക്ക് അവരുടെ പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അവസരമുണ്ട്.