ലോക ഫുട്ബോൾ മാമാങ്കത്തിനായുള്ള കാത്തിരിപ്പിന് ഇനി 50 നാൾ നീളം മാത്രം.രാജ്യങ്ങൾ തങ്ങളുടെ അന്തിമ ടീമിനെ തെരഞ്ഞെടുക്കാനുള്ള തയാറെടുപ്പിലാണ്.ശാരീരികക്ഷമത കാത്തുസൂക്ഷിച്ചും പരിക്കിനിട നൽക്കാതെയും വേണം കളിക്കാർ പരിശീലനം തുടരാൻ. പ്രധാന ലീഗുകൾ നവംബർ 13ന് ലോകകപ്പ് ഇടവേളയ്ക്കായി പിരിയും. ഡിസംബർ 26നേ ഇനി ലീഗ് മത്സരങ്ങൾ തുടങ്ങൂ. നവംബർ 13ന് അന്തിമ ടീമിനെ പ്രഖ്യാപിക്കണം. കോവിഡ് പശ്ചാത്തലത്തിൽ 26 കളിക്കാരെ വരെ ടീമിൽ ചേർക്കാം. ഇന്നുമുതൽ വീണ്ടും ലീഗ് മത്സരങ്ങൾ തുടങ്ങും. നവംബർ രണ്ടാം ആഴ്ച മുതൽ സന്നാഹമത്സരങ്ങൾക്കായി ടീമുകൾ കളത്തിലിറങ്ങും.
നേഷൻസ് ലീഗിലെ പിഴവുകളെല്ലാം തിരുത്തി ലോകകപ്പിൽ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയുമെല്ലാം. സൂപ്പർ താരങ്ങൾ ഇനിയും തെളിഞ്ഞില്ലെങ്കിൽ ഖത്തറിൽ അടിതെറ്റുമെന്നുറപ്പാണ്. അർജൻ്റീനയും ബ്രസീലും ലോകകപ്പിലേക്ക് കരുത്തുറ്റ പ്രകടനങ്ങളുമായി തന്നെയാണ് കടന്നുവരുന്നത്. ലയണൽ മെസിയുടെ മികവിൽ അർജൻ്റീന മുന്നേറുമ്പോൾ ബ്രസീൽ നെയ്മറുടെ ബലത്തിലാകും കുതിക്കുക. ആതിഥേയരായ ഖത്തർ സന്നാഹമത്സരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തതും പ്രതീക്ഷയാണ്.
കൂടാതെ, ലോകകപ്പ് ആവേശം ഖത്തറിൻ്റെ കെട്ടിടങ്ങളിലും വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം പ്രത്യക്ഷപ്പെട്ടുതുടങ്ങി.