സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന്റെ നാലാമത് എഡിഷൻ പ്രഖ്യാപിച്ചു. ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിന് വേണ്ടി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിക്കുന്ന പരിപാടിയാണിത്. 30 ലക്ഷം ഡോളറാണ് ഇത്തവണ നൽകുന്ന സമ്മാനത്തുക. ഒരു പ്രദേശത്ത് സ്വയം നിയന്ത്രിച്ചോടുന്ന ഒന്നിലധികം സംയോജിത ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന കമ്പനികൾക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാം. സ്വയം നിയന്ത്രണ ടാക്സി, ഡ്രോൺ, ബസ്, ജലഗതാഗത വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, വ്യോമഗതാഗതം എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണം വികസിപ്പിക്കാൻ കഴിയുന്ന കമ്പനികളായിരിക്കണം മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഇവർ വികസിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന എസ്.എ.ഇ 3 ലെവൽ എങ്കിലും പാലിച്ചിരിക്കണം എന്നത് നിർബന്ധമാണ്.
ഒന്നിലധികം കമ്പനികളായോ ഒറ്റക്കോ ചലഞ്ചിൽ പങ്കെടുക്കാം. തുടർന്ന് ഈ കമ്പനികൾ വികസിപ്പിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടം സംഘടിപ്പിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുക. ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്ന കമ്പനികളെ ഒക്ടോബറിൽ പ്രഖ്യാപിക്കും. 2025 സെപ്റ്റംബറിൽ നടക്കുന്ന ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിൽ വെച്ചാണ് അന്തിമ വിജയികളെ പ്രഖ്യാപിക്കുക. ചലഞ്ചിന്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
2030ഓടെ രാജ്യത്തെ ആകെ വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകളോട് ചേർന്നു നിൽക്കുന്നതാണ് ഈ ചലഞ്ചെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു.
ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ/ സ്ഥാപനങ്ങൾ https://sdchallenge.awardsplatform.com എന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യുക.