അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 33ാമത് അറബ് ഉച്ചകോടിയ്ക്ക് നാളെ ബഹ്റൈനിലെ മനാമയിൽ തിരി തെളിയും. അറബ് മേ ഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുകയാണ്അറബ് ഉച്ചകോടിയുടെ മറ്റൊരു ലക്ഷ്യം.
മേഖലയുടെ സമഗ്ര വികസനമുൾപ്പെടെ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയായിരിക്കും അധ്യക്ഷത വഹിക്കുക. എല്ലാ അറബ് രാജ്യങ്ങളുടെയും ഭരണാധികാരികളും സമ്മേളത്തിൽ പങ്കെടുക്കും. അറബ് ഐക്യം ഊട്ടിയുറപ്പിക്കുക, അറബ്-ഇസ്ലാമിക സമൂഹത്തിന്റെ വളർച്ചയും രാഷ്ട്രീയവും സാമ്പത്തികവുമായ ഉയർച്ച, സമാധാനപൂർണമായ അന്തരീക്ഷവും സുഭിക്ഷമായ ജീവിതവും ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടി ചർച്ച ചെയ്യുകയെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിൽ ഹമദ് രാജാവ് വ്യക്തമാക്കിയിരുന്നു.
മേഖല സങ്കീർണമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉച്ചകോടിക്ക് ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നത്. പരസ്പര ചർച്ചയും സഹകരണവും വഴി എല്ലാ വെല്ലുവിളികളെയും മറികടക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗസ്സയിലെ വേദനാജനകമായ മാനുഷിക സാഹചര്യവും മേഖലയിൽ വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും സമ്മേളനം ഗൗരവമായി ചർച്ചചെയ്യും. പ്രശ്നങ്ങൾക്ക് പരിഹാരവും ഭാവിയിലേക്കുള്ള കരുതലുമായിരിക്കും 33 ആമത് അറബ് ഉച്ചകോടി.