ദുബായിൽ 32 പുതിയ കിയോസ്കുകൾ സ്ഥാപിച്ച് റോഡ് ഗതാഗത അതോറിറ്റി. ദുബായിലെ 21 സ്ഥലങ്ങളിലാണ് ഏറ്റവും നവീന സംവിധാനങ്ങളുള്ള കിയോസ്കുകൾ സ്ഥാപിച്ചത്. ആധുനിക രൂപകൽപനയിൽ സജ്ജമാക്കിയ കിയോസ്കുകൾ ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആർ.ടി.എയുടെ പ്രധാന കെട്ടിടങ്ങൾ, കസ്റ്റമർ ഹെൽപ്പ് സെന്ററുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്. ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ കിയോസ്കുകൾ സ്ഥാപിച്ചത്. വാഹന ലൈസൻസ്, പാർക്കിങ്, നോൽ കാർഡ്, റവന്യൂ മാനേജ്മെന്റ് സേവനങ്ങൾ തുടങ്ങിയവ കിയോസ്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്യാഷ്, ക്രെഡിറ്റ് കാർഡ്, സ്മാർട്ട് ഫോണുകളിലെ എൻ.എഫ്.സി തുടങ്ങി വിവിധ പേമെന്റ് ഓപ്ഷനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.