ദുബായിൽ ജനങ്ങളുടെ സുഗമമായ യാത്ര ലക്ഷ്യം വെച്ച് പുതിയ പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിയുടെ മൂന്ന് പ്രധാന മേഖലകളിലായി 30 ഇലക്ട്രിക് ബസുകളുടെ സർവ്വീസ് ആരംഭിക്കാനാണ് തീരുമാനം. സീറോ എമിഷൻ പൊതുഗതാഗത തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
ബിസിനസ് ബേ, അൽ വാസൽ റോഡ്, ദുബായ് മാൾ എന്നിവിടങ്ങളിൽ യാത്രക്കാർക്ക് സേവനം നൽകുന്നതിനായാണ് 30 ഇലക്ട്രിക് ബസുകൾ വിന്യസിക്കുന്നത്. എന്നാൽ ഇലക്ട്രിക് ബസുകളുടെ ഫീസ് ഘടനയും റോൾ ഔട്ടും സംബന്ധിച്ച വിവരങ്ങൾ ആർടിഎ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലാ മെറിൽ നിന്ന് അൽ സുഫൂഹിലേക്കുള്ള റൂട്ടിൽ ആർടിഎ ഇലക്ട്രിക് ബസ് ട്രയൽ സർവീസ് ആരംഭിച്ചപ്പോൾ യാത്രക്കാർക്ക് സൗജന്യ യാത്ര ലഭ്യമാക്കിയിരുന്നു.
ഇലക്‌ട്രിക് ബസ് ഉപയോഗിക്കുന്നതിന് യാത്രക്കാർ അവരുടെ നോൽ കാർഡ് ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ മുമ്പ് ട്രയൽ കാലയളവിൽ അവരിൽ നിന്ന് നിരക്ക് ഈടാക്കിയിരുന്നില്ല. നിലവിലെ ഡീസൽ ബസുകൾ ക്രമേണ ഇലക്ട്രിക്, പരിസ്ഥിതി സൗഹൃദ ബസുകളാക്കി മാറ്റുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.