പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ് എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്.
പുതിയ കാലഘട്ടത്തിൽ പുതിയ നിയമങ്ങൾ എന്ന ആമുഖത്തോടുകൂടിയാണ് അമിത് ഷാ ലോക്സഭയിൽ ബില്ലുകൾ അവതരിപ്പിച്ചിരുന്നത്. ഐപിസിക്ക് പകരമായിരുന്നു ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചത്. സിആർപിസി ആണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാക്കിയത്. തെളിവു നിയമമാണ് ഭാരതീയ സാക്ഷ്യ എന്നാക്കിയിരുന്നത്.
ഈ മൂന്ന് ബില്ലുകളും 2023 ഓഗസ്റ്റ് 11ലെ പാര്‍ലമെന്റിന്റെ മൺസൂണ്‍ സമ്മേളനത്തിലാണ് ആദ്യമായി അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. നവംബര്‍ പത്തിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11ന് ബില്ലുകള്‍ പിന്‍വലിച്ചിരുന്നു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകള്‍ സഭ പാസാക്കി. ഡിസംബര്‍ 25ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി.