ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പാർക്കിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് ദുബായിൽ തുടക്കമായി. പദ്ധതി വഴി 270,000 വീടുകൾക്ക് വൈദ്യുതി നൽകും. സോളാർ ഊർജ്ജം വഴി പ്രതിവർഷം ഒരു ദശലക്ഷം ടൺ കാർബൺ ഉദ്ഗമനം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ 900 മെഗാവാട്ട് (MW) അഞ്ചാം ഘട്ടം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക് 2030-ഓടെ 5,000 മെഗാവാട്ട് ശേഷിയോടെ ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് ആയേക്കും. ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.