ലോകം ഭീതിയോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇസ്രയേൽ – ഗാസ യുദ്ധം. യുദ്ധവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നത്. യുദ്ധം ആരംഭിച്ചത് മുതൽ 21,000 കുട്ടികളെയാണ് ഗാസയിൽ കാണാതായിരിക്കുന്നത്. സന്നദ്ധ സംഘടനയായ ‘സേവ് ദി ചിൽഡ്രൻ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി വെടിനിർത്തൽ വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. നിരവധി കുട്ടികൾ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയതായും അവരെയൊന്നും പുറത്തെടുക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബോംബിട്ടു തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 10,000ത്തോളം ഫലസ്തീനികൾ അകപ്പെട്ടതായും ഇതിൽ 4,000ത്തോളം കുട്ടികൾ ആണെന്നും സന്നദ്ധ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണമറ്റ കുട്ടികൾ നിർബന്ധിതമായി അറസ്റ്റ് ചെയ്യപ്പെടുകയും തിരോധാനം ചെയ്യപ്പെടുകയും ഗസ്സക്ക് പുറത്തേയ്ക്ക് കടത്തപ്പെടുകയും ചെയ്തു. 17,000ത്തോളം ഫലസ്തീനി കുട്ടികളാണ് അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തത്. ഇങ്ങനെയുള്ള കുട്ടികൾ പലതരത്തിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും അവഗണനയ്ക്കും ഇരകളായിത്തീരാനുള്ള സാധ്യതയേക്കുറിച്ചുള്ള മുന്നറിയിപ്പും സംഘടന നൽകുന്നുണ്ട്.