2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞെങ്കിൽ കായികരംഗത്തും അങ്ങനെയാകുന്നതിൽ എന്താണു കുഴപ്പം? – അനുരാഗ് ഠാക്കൂർ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ പറഞ്ഞു. 2036 ഒളിംപിക്സ് വേദിക്കായി ആദ്യ ഘട്ടത്തിൽ 10 നഗരങ്ങളെ പരിഗണിക്കും. ഇതിൽ ഒരു നഗരത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) വേദിയായും തിരഞ്ഞെടുക്കും.
പാരിസ്, ലൊസാഞ്ചലസ്, ബ്രിസ്ബെയ്ൻ എന്നിവയാണ് അടുത്ത 3 ഒളിംപിക്സുകളുടെ വേദികൾ. പിന്നീട് വരുന്ന ഒളിംപിക്സാണ് 2036. ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ഖത്തർ എന്നിവയാണ് 2036 ഒളിംപിക്സിനായി രംഗത്തുള്ള മറ്റു രാജ്യങ്ങൾ. ജർമനിയും താൽപര്യം അറിയിച്ചെങ്കിലും ആഭ്യന്തരതലത്തിൽ എതിർപ്പുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്ത് ഒളിംപിക്സ് വേദിയാകുമെന്നാണ് കായികമന്ത്രി സൂചിപ്പിക്കുന്നത്. അഹമ്മദാബാദിലെ മൊട്ടേര സ്പോർട്സ് കോംപ്ലക്സായിരിക്കും മുഖ്യവേദി. 1951ലും 1981ലും ഏഷ്യൻ ഗെയിംസിനും 2010ൽ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥ്യം വഹിച്ചപ്പോൾ മൂന്നു തവണയും ഡൽഹിയായിരുന്നു വേദി.