2030-ലെ വേൾഡ് എക്സ്പോയുടെ വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. എക്സ്പോയുടെ സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് അംഗരാജ്യങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് എക്സ്പോയുടെ വേദിയായി സൗദി അറേബ്യയയിലെ റിയാദ് നഗരത്തെ തിരഞ്ഞെടുത്തത്.
സൗത്ത് കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളോട് മത്സരിച്ചാണ് സൗദി വേട്ടെടുപ്പിൽ വിജയിച്ചത്. 119 വോട്ടുകൾ നേടിയാണ് സൗദി അറേബ്യ വേൾഡ് എക്‌സ്‌പോയ്ക്ക് വേദിയാകാൻ തിരഞ്ഞെടുക്കപ്പെട്ടത്. 2030-ലെ വേൾഡ് എക്സ്പോയ്ക്ക് റിയാദ് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ ഫയൽ കഴിഞ്ഞ ജൂണിലാണ് ഔദ്യോഗികമായി സമർപ്പിച്ചത്. കൂടാതെ 7.8 ബില്യൺ ഡോളർ ഇതിനായി അനുവദിക്കുകയും പാരീസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുകയും ചെയ്തിരുന്നു.
2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയായിരിക്കും വേൾഡ് എക്സ്പോ നടത്തപ്പെടുക. 2020-ൽ ദുബായിലാണ് എക്സ്പോ സംഘടിപ്പിക്കപ്പെട്ടത്. 2025-ൽ ജപ്പാനിലെ ഒസാക്കയാണ് എക്സ്പോയ്ക്ക് വേദിയാകുക. വേൾഡ് എക്സ്പോയുടെ ചരിത്രത്തിലെ അഭൂതപൂർവമായ പതിപ്പായിരിക്കും റിയാദിൽ ഒരുക്കുകയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുമ്പ് വ്യക്തമാക്കിയിരുന്നു.