ഫോബ്സ് മാസിക പുറത്തിറക്കിയ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഉൾപ്പെട്ട് ലുലു ഗ്രൂപ്പിൻ്റെ ചെയർമാൻ എം.എ. യൂസഫലി. ഏറ്റവും ധനികനായ മലയാളികളുടെ ലിസ്റ്റിൽ ഒന്നാമതാണ് യൂസഫലിയുടെ സ്ഥാനം. യൂസഫലിക്ക് 7.6 ബില്യൻ ഡോളറിന്റെ ആസ്‌തിയാണുള്ളത്.
ആഗോള തലത്തിൽ കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ യൂസഫലി 497-ാം സ്ഥാനത്ത് നിന്ന് 344 സ്ഥാനത്തെത്തി. 2023-ൽ അദ്ദേഹത്തിന്റെ ആസ്തി 7.1 ബില്യൻ ഡോളർ ആയിരുന്നു. ജോയ് ആലുക്കാസ് (4.4 ബില്യൻ ഡോളർ), ഡോ. ഷംഷീർ വയലിൽ (3.5 ബില്യൻ ഡോളർ), രവി പിള്ള (3.3 ബില്യൻ ഡോളർ), സണ്ണി വർക്കി (3.3 ബില്യൻ ഡോളർ) എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളും സ്വന്തമാക്കി. 1.3 ബില്യൻ ഡോളർ ആസ്‌തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്നയായ വനിത. ആദ്യമായി ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്ന മലയാളി വനിതയാണ് സാറ.
അതേസമയം, ലോകത്തിലെ ഏറ്റവും ധനികനായി ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് (233 ബില്യൻ ഡോളർ) പട്ടികയിൽ ഒന്നാമതായി. ഇലോൺ മസ്ക് (195 ബില്യൻ ഡോളർ), ജെഫ് ബെസോസ് (194 ബില്യൻ ഡോളർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ഉറപ്പിച്ചു. 116 ബില്യൻ ഡോളർ ആസ്‌തിയോടെ ഇന്ത്യയുടെ മുകേഷ് അംബാനി ആഗോള ധനികരിൽ ഒമ്പതാം സ്ഥാനത്തുണ്ട്.