ഇരുപതു വർഷം മുൻപ് മറ്റ് കേവലം രണ്ടോ നാലോ മെഗാബൈറ്റിൽ ഇമെയിൽ ഇൻബോക്‌സുകളുടെ സ്റ്റോറേജ് സ്‌പേസ് ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രിൽ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിൾ ജി-മെയിലിന് തുടക്കമിട്ടത്. അന്നേ ദിവസം ഗൂഗിളിന്റെ തൊഴിലിനായുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഗൂഗിളിന്റെ ഇന്നത്തെ സി ഇ ഒ സുന്ദർ പിച്ചൈ പോലും അതൊരു ഏപ്രിൽ ഫൂൾ കബളിപ്പിക്കൽ ആണെന്നായിരുന്നു കരുതിയിരുന്നത്.
ഇന്നിതാ ജി-മെയിലിന് 20 വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. 2004 ഏപ്രിൽ ഒന്നിനാണ് ഗൂഗിൾ തങ്ങളുടെ ഇ-മെയിൽ സർവീസായ ജി-മെയിലിന് തുടക്കമിട്ടത്. ലോകവ്യാപകമായി 180 കോടി ഉപയോക്താക്കൾ ഇന്ന് ജി-മെയിലിനുണ്ട്. ലോകത്തെ ഇ-മെയിൽ ഉപയോക്താക്കളിൽ 27 ശതമാനം പേരും ജി-മെയിലിനെയാണ് ഇന്ന് ആശ്രയിക്കുന്നത്.
ഗൂഗിളിന്റെ ഡെവലപ്പറായിരുന്ന ഇരുപത്തിയാറുകാരൻ പോൾ ബുഹെറ്റ് ആയിരുന്നു ജി-മെയിലിന്റെ സൃഷ്ടാവ്. ഗൂഗിളിന്റെ പല ഉൽപന്നങ്ങളും സേവനങ്ങളും ഏകോപിച്ചുകൊണ്ടായിരുന്നു ജി- മെയിലിന്റെ നിർമ്മിതി. ആദ്യം 100 എം ബി സ്റ്റോറേജ് സ്‌പേസ് ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് ഒരു ജിബിയാക്കി മാറ്റുകയായിരുന്നു.
ഗൂഗിളിന്റെ ജീവനക്കാർക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചശേഷമായിരുന്നു 2004ൽ പൊതുജനങ്ങൾക്കായി ജിമെയിൽ അവതരിപ്പിച്ചത്. പുതിയ ഫീച്ചറുകളുമായി ജി-മെയിലിനെ ഗൂഗിൾ നിരന്തരം നവീകരിച്ചുകൊണ്ടേയിരിക്കുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള നിരവധി ഫീച്ചറുകളും ഇന്ന് ജി-മെയിലിനുണ്ട്. മെയിലുകൾ എഴുതുന്നത് അനായാസമാക്കാനുള്ള ഹെൽപ് മീ റൈറ്റ്, സ്മാർട്ട് കംപോസ്, ടാബ്ഡ് ഇൻബോക്‌സ്, സമ്മറി കാർഡ്‌സ്, സ്മാർട്ട് റിപ്ലേ, മറുപടി അയക്കാൻ മറക്കാതിരിക്കാൻ നഡ്ജിങ് തുടങ്ങി പുത്തൻ ഫീച്ചറുകൾക്കൊണ്ട് സമ്പന്നമാണ് ജി-മെയിൽ. സ്റ്റോറേജ് സ്‌പേസാകട്ടെ 15 ജി ബി ആക്കി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.