സൗദിയിൽ ഇനി മുതൽ പെയ്‌ഡ് പാർക്കിങ്ങുകളിൽ ആദ്യത്തെ 20 മിനിറ്റ് സൗജന്യം. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയമാണ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. വാഹനങ്ങൾ പാർക്കിങ് ഏരിയയിൽ പ്രവേശിച്ച് 20 മിനിറ്റിന് ശേഷമാണ് ഇനി ഫീസ് നൽകേണ്ടത്. ഇതുവരെ 7 മിനിറ്റ് മാത്രമായിരുന്നു സൗജന്യമായി നൽകിയിരുന്നത്.
വാണിജ്യ സ്‌ഥാപനങ്ങളിൽ എത്തുന്ന ഉപയോക്താക്കൾക്ക് പാർക്കിങ്ങുകൾ ലഭ്യമാക്കാനും പെയ്‌ഡ് പാർക്കിങ് മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥകൾ മന്ത്രാലയം അംഗീകരിച്ചത്. വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പാർക്കിങ്ങുകളിലും ഈ നിയമം ബാധകമാണ്. അംഗപരിമിതർക്ക് പാർക്കിങ് പൂർണമായും സൗജന്യമാണെന്നും അധികൃതർ വ്യക്തമാക്കി.
പെയ്‌ഡ് പാർക്കിങ് കേന്ദ്രങ്ങളിൽ വാഹന പാർക്കിങ് ഫീസ് സ്വീകരിക്കാൻ ക്യാഷ്, ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങൾ നിർബന്ധമാണെന്നും വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ട്.