പ്രകൃതി ദുരന്തങ്ങളുടേയും യുദ്ധക്കെടുതികളുടേയും ലോകത്ത് മാനുഷിക മുഖവുമായെത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യുഎഇ. അർഹരായവർക്ക് മാനുഷിക സഹായമെത്തിക്കുക എന്നത് പൈതൃകവും പാരമ്പര്യമായാണ് യുഎഇ കാണുന്നത്. ലോകത്തിൻ്റെ ഏത് കോണിലും പ്രകൃതി ദുരന്തത്തിലും യുദ്ധക്കെടുതിയിലും വലയുന്ന മനുഷ്യർക്ക് യുഎഇ സഹായമെത്തിക്കുന്നത് ലോകശ്രദ്ധേയമാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടെ സിറിയൻ ഭൂകമ്പം, അഫ്ഗാനാനിസ്ഥാൻ ഭൂകമ്പം, യുക്രൈൻ യുദ്ധം, പാക്കിസ്ഥാനിലെയും ലിബിയയിലുമുണ്ടായ വെള്ളപ്പൊക്കം തുടങ്ങി വിവിധ പ്രദേശങ്ങളിൽ യുഎഇയുടെ സ്നേഹഹസ്തം നീണ്ടത് ലോകം കണ്ടതാണ്. നിരാലംബർക്ക് ഭക്ഷണവും വസ്ത്രവും മരുന്നും ചികിത്സയും എത്തിച്ചു നൽകുന്നതിനിടെ ഗാസയിലെ പ്രശ്നങ്ങൾ രൂക്ഷമാവുകയും യുഎഇ മാനുഷിക സഹായമെത്തിക്കുകയും ചെയ്തു.
കേണൽ മുഹമ്മദ് അൽ ഹാഷിമിയും കേണൽ മുഹമ്മദ് അൽ ഗാനേമും
ഇത്തരം ദുരന്തമുഖങ്ങളിൽ യുഎഇയുടെ സഹായവുമായി പോകുന്ന വിമാനങ്ങളിലെ പൈലറ്റുമാരാണ് എമിറാത്തി പൈലറ്റുമാരായ കേണൽ മുഹമ്മദ് അൽ ഹാഷിമിയും കേണൽ മുഹമ്മദ് അൽ ഗാനേമും. കഴിഞ്ഞ നാല് പതിറ്റാണ്ടായി ദുരിതബാധിതർക്ക് ആശ്വാസവും പ്രതീക്ഷയുമായി പറക്കുന്ന വിമാനത്തിലെ പൈലറ്റുമാരാണ് ഇവർ.
കഴിഞ്ഞ 36 വർഷമായി ദുബായ് എയർ വിംഗിന്റെ സി 130 ഹെർക്കുലീസ് വിമാനമാണ് ഇരുവരും നിയന്ത്രിക്കുന്നത്. സഹാനുഭൂതി, സഹായം എന്നിവയുടെ ദൗത്യങ്ങൾക്കായി തങ്ങളുടെ മനസ്സും ശരീരവും വിട്ടുകൊടുത്ത് തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചവരാണ് ഈ രണ്ട് പൈലറ്റുമാരും. ഇത്രകണ്ട് ആത്മാർത്ഥത ഈ ജോലിയോട് പുലർത്തിയില്ലെങ്കിൽ നീണ്ട നാല് പതിറ്റാണ്ട് നീക്കികൊണ്ടുപോകാൻ ഇവർക്ക് കഴിയുമായിരുന്നില്ല.
1978 മുതൽ 1982 വരെ നാല് വർഷത്തോളം ഇറ്റലിയിൽ നിന്ന് ഫൈറ്റർ പൈലറ്റ് പരിശീലനം നേടിയ ശേഷം, കേണൽ അൽ ഹാഷിമി സ്വന്തം രാജ്യത്തിന്റെ വ്യോമസേനയിൽ ചേരാൻ യുഎഇയിലേക്ക് മടങ്ങുകയായിരുന്നു. ലോക്ക്ഹീഡ് മാർട്ടിൻ എഫ് 104, ഫ്രഞ്ച് മിറാഷ് ജെറ്റുകൾ എന്നിവയിൽ ഫൈറ്റർ പൈലറ്റായി അദ്ദേഹം യാത്ര ആരംഭിച്ചു. തുടർന്ന്, 1980-കളുടെ തുടക്കത്തിൽ യുഎഇക്ക് C130 ഹെർക്കുലീസ് ലഭിച്ചു. “അക്കാലത്ത് ജംബോ മെറ്റൽ പക്ഷിയെ പറത്താൻ എന്നെ നിയോഗിച്ചു, അതിനുശേഷം അത് രണ്ടാം ഭാര്യയായി മാറി,”യെന്ന് കേണൽ അൽ ഹാഷിമി തമാശ രൂപേണ പറയുന്നു.
ഒടുവിൽ അദ്ദേഹം ചീഫ് പൈലറ്റിന്റെ റോളിലേക്ക് കയറുകയും പിന്നീട് ദുബായ് എയർ വിംഗിനൊപ്പം C130 പറക്കുന്ന സ്ക്വാഡ്രണിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ ലോകമെമ്പാടുമുള്ള മാനുഷിക ദൗത്യങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒരു പ്രധാന വ്യക്തിയായി മാറുകയായിരുന്നു കേണൽ അൽ ഹാഷിമി. തുടക്കത്തിൽ തന്നെ എമിറേറ്റ്‌സ് എയർലൈൻസിൽ ചേരാൻ അവസരം ലഭിച്ചിരുന്നു. “എമിറേറ്റ്സ് എയർലൈൻസ് സമീപിച്ച ആദ്യത്തെ പൈലറ്റ് ഞാനാണ്. പക്ഷേ, എന്റെ സൈനിക സേവനം ഉപേക്ഷിച്ച് അവരോടൊപ്പം ചേരാൻ എനിക്ക് കഴിഞ്ഞില്ല, ”കേണൽ ഹാഷിമി പറയുന്നു.
13,800 ഫ്ലൈയിംഗ് മണിക്കൂറുകൾ, പ്രാർത്ഥനയും ഭക്ഷണവും വിമാനത്തിൽ തന്നെ
നീണ്ട വർഷങ്ങൾകൊണ്ട് കേണൽ ഹാഷിമി ആകെ 13,800 ഫ്ലൈയിംഗ് മണിക്കൂറുകൾ പൂർത്തിയാക്കി – അതിന്റെ 70 ശതമാനവും മനുഷ്യരാശിയെ സേവിക്കുന്നതിനായി ചെലവഴിച്ചു. യുഎഇ വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് ചരക്ക് വിമാനം പറത്താൻ കേണൽ ഹാഷിമിക്കൊപ്പം ചേർന്നതായിരുന്നു കേണൽ അൽ ഗാനേം. കേണൽ അൽ ഹാഷിമിയെപ്പോലെ കേണൽ അൽ ഗാനേമും തന്റെ കരിയറിന്റെ ഭൂരിഭാഗവും മാനുഷിക ദൗത്യങ്ങൾക്കായി സമർപ്പിച്ച വ്യക്തിയാണ്. തൻ്റെ യാത്ര ആരംഭിച്ചത് സി 130 യിൽ നിന്നാണ്. കരിയറിന്റെ അവസാനം വരെ ഇതേ വിമാനം പറത്താനാകുമെന്നാണ് വിശ്വസമെന്ന് കേണൽ അൽ ഗാനേം കൂട്ടിച്ചേർക്കുന്നു.
ഈ പൈലറ്റുമാർ ഒരുമിച്ച് ഇതിനോടകം ആയിരക്കണക്കിന് ദൗത്യങ്ങളാണ് ഏറ്റെടുത്തത്. പ്രകൃതിദുരന്തങ്ങളും പ്രതിസന്ധികളും ബാധിച്ച പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. പാകിസ്ഥാൻ മുതൽ ലിബിയ വരെ, ഇന്തോനേഷ്യ മുതൽ മൊറോക്കോ വരെ, അടുത്തിടെ ഗാസയ്ക്ക് 50 മെട്രിക് ടൺ സഹായം നൽകി തിരികെ വന്നു. ഇതുവരെ വഹിച്ച ദൗത്യങ്ങളുടെ എണ്ണം ഓർമയില്ലെന്ന് അൽ ഗാനേം പറയുന്നു.
“ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് മനുഷ്യത്വപരമായ സഹായം എത്തിച്ചു നൽകുന്നതിന് വേണ്ടിയാണ്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പ്രാർത്ഥനയും എല്ലാം പറക്കുന്ന വിമാനത്തിൽ തന്നെയായിരുന്നു. ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര യുഎസിലെ ചിക്കാഗോയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് സഹായം എത്തിച്ചതാണ്” കേണൽ അൽ ഗാനേം വ്യക്തമാക്കി.
ഈ മാനുഷ്യ സ്നേഹികൾ വിരമിക്കൽ പ്രായത്തോട് അടുക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ വിശ്രമജീവിത്തിലേക്ക് കടക്കും. ഈ നേരത്തും ഇരുവരും ഉറപ്പിച്ചു പറയുകയാണ് “ഞങ്ങളുടെ ജോലിയും ഞങ്ങളുടെ വിശ്വസ്ത കൂട്ടാളിയായിരുന്ന ഈ വിമാനവും ഞങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന് ”