യുഎഇയിൽ പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് റസ്റ്റോറൻ്റുകൾ അടച്ചുപൂട്ടി. അബുദാബിയിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ് റെസ്റ്റോറൻ്റുമാണ് പൂട്ടിച്ചത്. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി.
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണങ്ങൾ തുടർച്ചയായി വിളമ്പുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് റസ്റ്റോറൻ്റുകൾ അടച്ചുപൂട്ടിയത്. മാത്രമല്ല, ശുചിത്വമില്ലായ്മയും റെസ്റ്റോറന്റിൽ കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം റസ്റ്റേറന്റിലെ ജീവനക്കാർ തലപ്പാവുകളും കയ്യുറകളും പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാതെയാണ് ഭക്ഷണത്തിൽ സ്പർശിക്കുന്നതെന്നും ഇവിടെയെത്തുന്നവർക്ക് വിളമ്പുന്നതെന്നും അധികൃതർ വ്യക്തമാക്കി. എമിറേറ്റിൽ പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കായി ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.