ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റിയതിന് ശേഷം കുവൈറ്റിൽ തിരിച്ചെത്തിയ രണ്ട് ഏഷ്യക്കാരെ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പിടികൂടി. വിരലടയാള രേഖകൾ വ്യക്തമായി കാണാത്തവിധം മുകളിലത്തെ പാളികൾ ഇരുവരും മുറിച്ച് മാറ്റിയിരുന്നു.
അതേസമയം മുറിവ് ഉണങ്ങിയതോടെ രേഖകൾ അവ്യക്തമാകുകയും പിടിക്കപ്പെടില്ലെന്ന് കരുതുകയും ചെയ്താണ് ഇവർ കുവൈറ്റിലേക്ക് വിമാനം കയറിയത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ സംശയം തോന്നിയ അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അഞ്ച് വിരലുകളുടെയും അഗ്രഭാഗങ്ങളിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
വിവിധ കുറ്റകൃത്യങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തപ്പെട്ടവർക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയില്ല. ഇതു മറികടക്കാനാണ് ഇരുവരും ശസ്ത്രക്രിയയിലൂടെ വിരലടയാളം മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം നാടുകടത്തപ്പെട്ടവർ പുതിയ മാർഗം ഉപയോഗിച്ച് തിരിച്ചുവരുന്ന പ്രവണത വർധിക്കുന്നതിനാൽ രാജ്യത്ത് അത്യാധുനിക ബയോമെട്രിക് സ്കാനിങ് സംവിധാനം പ്രവേശന കവാടങ്ങളിൽ സജ്ജമാക്കുകയും പരിശോധന ഊർജിതമാക്കുകയാണ്.